പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്, എണ്പത്തിനാലുകാരന് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായി നിയമിച്ചെന്നു കരസേനാ മേധാവി ജനറല്‍ വഖാര്‍ ഉസ് സമാന് അറിയിച്ചു. രാത്രി വൈകി പ്രസിഡന്റ് സത്യവാചകം ചൊല്ലിക്കൊടുത്തു. യൂനുസ് ബംഗ്ളാദേശിനെ ജനാധിപത്യ പ്രക്രിയയിലേക്കു നയിക്കുമെന്നും കരസേനാ മേധാവി.
ബംഗ്ളാദേശിനെ സംഘര്‍ഷങ്ങളില്‍ നിന്നു നേര്‍വഴിയിലേക്കെത്തിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നു പാരിസില്‍ നിന്നു വിമാനം കയറും മുന്‍പ് യൂനുസ് പറഞ്ഞു. ബംഗ്ളാദേശില്‍ മൈക്രോഫിനാന്‍സിന്റെ സ്ഥാപകനാണു യൂനുസ്. ഇദ്ദേഹം പുതിയ ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവായിരിക്കുമെന്നാണു ഷെയ്ഖ് ഹസീനയുടെ രാജിക്കും പലായനത്തിനും ഇടയാക്കിയ പ്രക്ഷോഭത്തിന്റെ നേതാക്കളില്‍ പ്രമുഖന് നഹീദ് ഇസ്ലാമിന്റെ പ്രഖ്യാപനം.
അതേസമയം, ഷെയ്ഖ് ഹസീനയെ പുറത്താക്കി പുതിയ ഭരണം സ്ഥാപിക്കുന്നതില്‍ സൈന്യത്തിന്റെ ഇടപെടലും വ്യക്തമായി. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ നേരിടാന്‍ ഹസീന പ്രഖ്യാപിച്ച നിരോധനാജ്ഞ നടപ്പാക്കാന്‍ സൈന്യം വിസമ്മതിച്ചെന്നു മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തി. ഹസീനയുടെ നിര്‍ദേശം പാലിക്കേണ്ടതില്ലെന്നു സേനാ മേധാവി നിര്‍ദേശം നല്‍കിയതായാണു റിപ്പോര്‍ട്ട്.

Comments: